Christmas Exam


Labour India Info World

Monday 13 May 2013

Class V Chapter-2. ആഹാരത്തിന്റെ രഹസ്യം

ഇരപിടിയന്മാരായ സസ്യങ്ങള്‍
ജന്തുക്കള്‍ ആഹാരത്തിനായി സസ്യങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍ ചില സസ്യങ്ങള്‍ ജന്തുക്കളെ ആഹാരമാക്കുന്നവയാണ്‌. അത്തരം ചില ഇരപിടിയന്മാരായ സസ്യങ്ങളെ പരിചയപ്പെടൂ.
നെപ്പന്തസ്‌


നെപ്പന്തസിലെ പ്രത്യേകസഞ്ചിയില്‍ മധുരമുള്ളതും പശിമയുള്ളതുമായ ദ്രാവകമുണ്ട്‌. സഞ്ചിക്ക്‌ ഒരു അടപ്പുമുണ്ട്‌. പ്രാണി ഉള്ളില്‍പ്പെട്ടാല്‍ അടപ്പ്‌ മൂടും. ചെടി പ്രാണിയെ പ്രത്യേക രാസവസ്‌തുക്കളുടെ സഹായത്താല്‍ ദഹിപ്പിച്ച്‌ പോഷകങ്ങളെ ശരീരത്തിന്‍െറ ഭാഗമാക്കുന്നു.
ഡ്രൊസീറ

ഡ്രൊസീറയില്‍ ഇലകളിലുള്ള രോമങ്ങളുടെ അറ്റത്ത്‌ മഞ്ഞുതുള്ളിപോലെ ഒരു ദ്രാവകമുണ്ട്‌. ഇതിന്‌ പശയുണ്ട്‌. ഇത്‌ സൂര്യ പ്രകാശത്തില്‍ നന്നായി തിളങ്ങുന്നു. തിളക്കത്താല്‍ ആകര്‍ഷിക്കപ്പെട്ട്‌ എത്തുന്ന പ്രാണികള്‍ ഈ ദ്രാവകത്തില്‍ ഒട്ടിപ്പിടിക്കുന്നു. പിന്നീട്‌ ചെടി ഇതിനെ ദഹിപ്പിച്ച്‌ ശരീരത്തിന്‍െറ ഭാഗമാക്കും.
പൂര്‍ണ്ണപരാദസസ്യങ്ങള്‍
മൂടില്ലാത്താളിക്ക്‌ ഇലകളില്ല. മഞ്ഞനിറത്തിലുള്ള വള്ളികള്‍ മാത്രം. ഇവ ആശ്രയസസ്യം പാകം ചെയ്യുന്ന ആഹാരം വലിച്ചെടുക്കുന്നു. ഇത്തരം സസ്യങ്ങളാണ്‌ പൂര്‍ണ്ണപരാദസസ്യങ്ങള്‍.
അര്‍ദ്ധപരാദസസ്യങ്ങള്‍
ആശ്രയസസ്യത്തില്‍ നിന്നും ജലവും ലവണവും വലിച്ചെടുത്ത്‌ സ്വയം ആഹാരം നിര്‍മ്മിക്കുന്നവയാണിവ. 
ഹരിതകമില്ലാത്ത സസ്യങ്ങള്‍
പഴകിയെ റൊട്ടിയിലും പഴകിയ പച്ചക്കറികളിലുമൊക്കെ വെളുത്ത നിറത്തില്‍ കാണുന്നതെന്താണ്‌? പൂപ്പ്‌. ഇത്‌ ഒരു സസ്യമാണ്‌.
അതുപോലെ തൊടിയിലും ഉണങ്ങിയമരത്തിലുമൊക്കെ വിവിധതരം കൂണുകള്‍ കണ്ടിട്ടില്ലേ? ഇവയ്‌ക്ക്‌ ഹരിതകമുണ്ടോ? ഇത്തരം കൂണുകള്‍ ശേഖരിച്ച്‌ വെള്ളക്കടലാസില്‍ ഉരച്ചുനോക്കൂ. കടലാസില്‍ പച്ചനിറം കാണുന്നുണ്ടോ? ഇല്ല. ഇവ ഹരിതകമില്ലാത്ത സസ്യങ്ങളാണ്‌. ഇവ വളരുന്നത്‌ എവിടെയാണെന്ന്‌ നിരീക്ഷിക്കൂ.
ജീര്‍ണ്ണിച്ച ജൈവാവശിഷ്‌ടങ്ങളില്‍ നിന്ന്‌ ആഹാരം സ്വീകരിച്ചാണ്‌ ഇത്തരം കൂണുകള്‍ വളരുന്നത്‌. അതുകൊണ്ട്‌ ഇവയെ ശവോപജീവികള്‍
എന്നുവിളിക്കുന്നു.  

ചോദ്യോത്തരങ്ങള്‍
1. എല്ലാ തൊഴിലും മാന്യതയുള്ളതാണ്‌. ഏതു ജോലി ചെയ്‌തു ജീവിക്കുന്നതും അഭിമാനമായി കരുതണം. പക്ഷെ കൃഷി ചെയ്‌തു ജീവിക്കുന്നത്‌ എനിയ്‌ക്ക്‌ കൂടുതല്‍ സംതൃപ്‌തി തരുന്നു- നാട്ടിലെ ഒരു മികച്ച കര്‍ഷകന്റെ അഭിപ്രായമാണ്‌ മുകളില്‍ ചേര്‍ത്തത്‌. നിങ്ങള്‍ക്ക്‌ ഈ അഭിപ്രായത്തോട്‌ യോജിക്കാന്‍ കഴിയുമൊ? എങ്കില്‍ അതിന്‌ എന്തൊക്കെ കാരണങ്ങളാണ്‌ പറയാനുള്ളത്‌? 
വളരെ സത്യസന്ധമായ അഭിപ്രായമാണ്‌ അദ്ദേഹം പറഞ്ഞത്‌. നമ്മുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്‌ ആഹാരം. അത്‌ നമുക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഉല്‌പാദിപ്പിക്കുകയാണ്‌ കര്‍ഷകര്‍ ചെയ്യുന്നത്‌. മനുഷ്യര്‍ക്കു മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും ആഹാരം ലഭിക്കാന്‍ കൃഷി ഉപകരിക്കും. മറ്റു തൊഴില്‍ ചെയ്യുന്നവര്‍ക്കും ഒഴിവു സമയത്ത്‌ കൃഷിചെയ്യാന്‍ കഴിയും. അങ്ങനെ എല്ലാവര്‍ക്കും ചെയ്യാവുന്ന ഒരു തൊഴിലെന്ന പ്രത്യേകതയും കൃഷിക്കുണ്ട്‌. വ്യവസായത്തിനാവശ്യമായ പല അസംസ്‌കൃത വസ്‌തുക്കളും കൃഷിയില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതുകൊണ്ട്‌ എല്ലാ ജീവികള്‍ക്കും ആവശ്യമായ പ്രാണവായുവിന്റെ അളവ്‌ വര്‍ദ്ധിക്കും. ഇതൊക്കെ മറ്റുതൊഴിലുകള്‍ ചെയ്യുന്നതിനെക്കാള്‍ നമുക്ക്‌ സംതൃപ്‌തി നല്‌കുന്ന കാര്യങ്ങളാണ്‌. 
2. വളക്കൂറുള്ള മേല്‍മണ്ണ്‌ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടല്ലൊ. കേരളത്തിന്റെ കാര്യത്തില്‍ ഈ പ്രശ്‌നത്തിന്‌ കൂടുതല്‍ പ്രസക്തിയുണ്ട്‌. മേല്‍മണ്ണ്‌ നഷ്‌ടമാകുന്നതിന്‌ എന്തൊക്കെ കാരണങ്ങളാണ്‌ നിങ്ങള്‍ക്കു കണ്ടെത്താന്‍ സാധിക്കുന്നത്‌? പട്ടികപ്പെടുത്തുക.
  • ഭൂമിശാസ്‌ത്രപരമായ കാരണങ്ങളും മനുഷ്യന്‍ പ്രകൃതിയുടെമേല്‍ നടത്തുന്ന അതിക്രമങ്ങളും മേല്‍മണ്ണ്‌ നഷ്‌ടപ്പെടുന്നതിന്‌ കാരണമാണ്‌.
  • വീതി കുറവുള്ളതും പടിഞ്ഞാറോട്ട്‌ കൂടുതല്‍ ചെരൂവുള്ളതുമായ ഭൂപ്രദേശമാണ്‌ നമ്മുടെകേരളം. 44 നദികളും അവയുടെ പോഷകനദികളും വഴി മഴക്കാലത്ത്‌ കരഭൂമിയില്‍നിന്ന്‌ മേല്‍മണ്ണ്‌ ഒഴുകിപ്പോകുന്നുണ്ട്‌. 
  • മഴ മൂലം വലിയതോതില്‍ മേല്‍മണ്ണു നഷ്‌ടമാകുന്നു. കാറ്റും മേല്‍മണ്ണ്‌ നഷ്‌ടപ്പെടാന്‍ കാരണമാണ്‌. 
  • വന നശീകരണം, കുന്നിടിക്കല്‍, പാടം നികത്തല്‍, പാടത്തെമണ്ണ്‌ ഇഷ്‌ടിക നിര്‍മ്മാണത്തിന്‌ ഉപയോഗിക്കല്‍, മരംമുറയ്‌ക്കല്‍ തുടങ്ങി പ്രകൃതിയ്‌ക്കുമേല്‍ മനുഷ്യര്‍ നടത്തുന്ന അതിക്രമങ്ങള്‍കൊണ്ട്‌ മേല്‍മണ്ണ്‌ നഷ്‌ടമാകുന്ന പ്രദേശത്തിന്റെ അളവ്‌ കൂടിക്കൊണ്ടിരിക്കുന്നു. 
ഭൂപ്രദേശത്തിന്റെ 20 ശതമാനത്തോളം വനങ്ങളാണ്‌. കെട്ടിടങ്ങള്‍, ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇവയൊക്കെ, കൃഷിഭൂമിയുടെ അളവു കുറയാന്‍ കാരണമാണ്‌. അതുകൊണ്ട്‌ അവശേഷിച്ച ഭൂമിയില്‍ കൃഷിചെയ്‌ത്‌ വിളവുല്‌പാദിപ്പിക്കാന്‍ കഴിയണമെങ്കില്‍ മണ്ണൊലിപ്പ്‌ തടയാന്‍ നാം കൂടുതല്‍ ശ്രദ്ധചെലുത്തണം. 
3. കൃഷി ഇഷ്‌ടപ്പെട്ട തൊഴിലായിത്തീരണമെങ്കില്‍ കൃഷിയില്‍നിന്ന്‌ ആകര്‍ഷകമായ വരുമാനം ഉണ്ടാകണം. അതിന്‌ നല്ല വിളവ്‌ കിട്ടിയെ മതിയാകൂ. എന്തൊക്കെ ഘടകങ്ങള്‍ ഒത്തുചേരുമ്പോഴാണ്‌ കൃഷിയില്‍നിന്ന്‌ മികച്ച വിളവുകിട്ടുന്നത്‌ വിവരങ്ങള്‍ ശേഖരിച്ച്‌ പട്ടികപ്പെടുത്തൂ.
മികച്ച വിളവുകിട്ടാന്‍ ഒത്തുചേരേണ്ട ഘടകങ്ങള്‍
1 കൃഷിയ്‌ക്ക്‌ അനുയോജ്യമായ മണ്ണ്‌.
2 യോജിച്ച കാലാവസ്ഥ.
3 അത്യുല്‌പാദനശേഷിയും രോഗപ്രതിരോധശക്തിയുമുള്ള വിത്ത്‌.
4 ആവശ്യത്തിന്‌ വളപ്രയോഗം വേണ്ട സമയത്ത്‌ നടത്തല്‍.
5 സൂര്യപ്രകാശം.
6 ജലസേചന സൗകര്യം.
7 കീടങ്ങളെ ഇല്ലാതാക്കല്‍ (വിഷം കലരാത്ത കീടനാശിനിപ്രയോഗത്തിലൂടെ.)
8 കാലംനോക്കി കൃഷിചെയ്യാനുള്ള പ്രായോഗിക ബുദ്ധി.
9 തൊഴിലാളികളുടെ സേവനം.
10 അനുയോജ്യമായ പണിയായുധങ്ങള്‍.
4. സസ്യങ്ങളുടെ ജീവിതത്തെ മനുഷ്യരുടെ ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില സാമ്യങ്ങളും വ്യത്യാസങ്ങളും കണ്ടെത്താനാവില്ലെ? എന്തൊക്കെയാണവ? നിങ്ങള്‍ കണ്ടെത്തിയ പ്രത്യേകതകള്‍ എല്ലാ സസ്യങ്ങളിലും ഒരുപോലെയാണൊ കാണപ്പെടുന്നത്‌? പരിശോധിച്ച്‌ കുറിപ്പു തയാറാക്കൂ.
നമുക്കു ജീവിക്കാന്‍ വായുവും വെള്ളവും ആഹാരവും വേണം. സസ്യങ്ങള്‍ക്കും അതെല്ലാം ആവശ്യമാണ്‌. മനുഷ്യരും സസ്യങ്ങളും ശ്വസിക്കുന്നു. അതിന്‌ വായുവിലെ ഓക്‌സിജന്‍ സ്വീകരിക്കുന്നു. എന്നാല്‍ ശ്വസനം ഒരേ രീതിയിലല്ല നടക്കുന്നത്‌.
സസ്യങ്ങള്‍ ആഹാരം സ്വയം തയാറാക്കി ഉപയോഗപ്പെടുന്നു. മനുഷ്യര്‍ പാകംചെയ്‌തതും പാകംചെയ്യാത്തതുമായ ഭക്ഷണം കഴിക്കുന്നുണ്ട്‌. സസ്യങ്ങളില്‍നിന്നാണ്‌ മനുഷ്യരുടെ ആഹാരസാധനങ്ങള്‍ പ്രധാനമായും കിട്ടുന്നത്‌. സസ്യങ്ങളെ ആഹാരമാക്കുന്ന ജീവികളില്‍നിന്നും മനുഷ്യര്‍ ആഹാരത്തിനു വക കണ്ടെത്തുന്നു.
മിക്ക സസ്യങ്ങളും മണ്ണില്‍നിന്ന്‌ വെള്ളവും വളവും വേരുകള്‍വഴി വലിച്ചെടുത്ത്‌ ഇലകളില്‍വച്ച്‌ ആഹാരം തയാറാക്കി സസ്യത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഉപയോഗപ്പെടുത്തുന്നു. ഇത്തിള്‍ക്കണ്ണി യും ചന്ദനവും പോലെയുള്ള ചില സസ്യങ്ങള്‍ മറ്റു സസ്യങ്ങളില്‍നിന്ന്‌ ധാതുലവണങ്ങളും വെള്ളവും സ്വീകരിച്ച്‌ ആഹാരം നിര്‍മ്മിച്ച്‌ ജീവിക്കുന്നു. പ്രാണികളെ കെണിയില്‍ വീഴ്‌ത്തി അവയിലെ പോഷകാംശം ആഹാരത്തിന്‌ ഉപയോഗിക്കുന്ന സസ്യങ്ങളുമുണ്ട്‌. മരവാഴ പോലെയുള്ള ചിലസസ്യങ്ങളാകട്ടെ മറ്റു സസ്യങ്ങളെ ചൂഷണംചെയ്യാതെ അവയില്‍ ജീവിക്കുകയും അന്തരീക്ഷത്തില്‍നിന്ന്‌ ആഹാരത്തിനു വേണ്ടത്‌ കണ്ടെത്തുകയും ചെയ്യുന്നു.
 
5. ആഹാരത്തിന്റെ രഹസ്യം തേടി ഈ അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ നിങ്ങള്‍ക്ക്‌ മനുഷ്യരുടെയും മറ്റു ജന്തുക്കളുടെയും നിലനില്‍പ്പിന്‌ സസ്യങ്ങള്‍ എത്രയേറെ ഉപകരിക്കുന്നുണ്ട്‌ എന്നു മനസ്സിലായിട്ടുണ്ടാകുമല്ലൊ. മേല്‍മണ്ണ്‌ നഷ്‌ടപ്പെടാതെ സംരക്ഷിക്കുന്നതിനും സസ്യങ്ങള്‍ക്കു സാധിക്കില്ലെ? അതിന്‌ സസ്യങ്ങളെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന്‌ വിശദമാക്കൂ.
മേല്‍മണ്ണു നഷ്‌ടപ്പെടാന്‍ ഇടയാകുന്ന പ്രധാന ഘടകം മഴയാണ്‌. ശക്തമായ രീതിയില്‍ മണ്ണില്‍ നേരിട്ടുപതിക്കുന്ന മഴത്തുള്ളികള്‍ ,മേല്‍മണ്ണിളകാനും അത്‌ ഒഴുകിപ്പോകാനും ഇടയാക്കുന്നു. എന്നാല്‍ വൃക്ഷങ്ങളുണ്ടെങ്കില്‍ മഴവെള്ളം ആദ്യം വീഴുന്നത്‌ വൃക്ഷങ്ങളുടെ ഇലപ്പടര്‍പ്പിനു മുകളിലാവും. അവിടെനിന്ന്‌ മണ്ണില്‍ വീഴുന്ന മഴത്തുള്ളികള്‍ക്ക്‌ ശക്തി കുറവായതിനാല്‍ അത്‌ മേല്‍മണ്ണിന്‌ നാശമുണ്ടാക്കില്ല. മരങ്ങളുടെ പരിസരത്ത്‌ മണ്ണില്‍ വീണുകിടക്കുന്ന ഉണങ്ങിയ ഇലകളുംമറ്റും മഴത്തുള്ളികള്‍ നേരിട്ട്‌ മണ്ണില്‍ പതിക്കുന്നതിനെ തടയുന്നു. മരങ്ങളോടൊപ്പം പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയും നട്ടു വളര്‍ത്താം. മണ്ണില്‍ പടര്‍ന്നു വളരുന്ന പുല്ലും അതിന്റെ നാരുവേരു പടലവും മേല്‍മണ്ണിന്‌ സംരക്ഷണം നല്‌കുന്നു. മഴയെ മണ്ണിലേയ്‌ക്ക്‌ സ്വീകരിച്ചിറക്കുന്നത്‌ സസ്യങ്ങളുടെ ഇലപ്പടര്‍പ്പുകളാണെങ്കില്‍ മേല്‍മണ്ണു സംരക്ഷിച്ചുകൊണ്ട്‌ സസ്യങ്ങള്‍കൊണ്ടുള്ള ഗുണങ്ങള്‍ അനുഭവിക്കാന്‍ നമുക്കും മറ്റു ജീവികള്‍ക്കും സാധിക്കും. 

No comments:

Post a Comment